Wednesday, September 26, 2012

പേഴ്‌‌സ്പക്റ്റീവ്

പാടത്തിരിക്കുമ്പോ,

പയ്യിനെ നോക്കി
പുല്ലും ചെത്തി
പൊന്നാരം പറഞ്ഞ്
ഓള്‍ടെ കൂടെ
കാറ്റും കൊണ്ട്
പാടത്തിരിക്കുമ്പോ

അങ്ങേക്കരേലെ
കുന്നിനെന്തൊരു ഭംഗി !

കുന്നത്ത് നിക്കുമ്പോ

കല്ലും ചവിട്ടി
കള്ളും കുടിച്ച്
കൂക്കിവിളിച്ച്
ഓരടെ കൂടെ
വെയിലും കൊണ്ട്
കുന്നത്ത് നിക്കുമ്പോ

ഇങ്ങേത്താഴത്തെ
പാടത്തിനെതൊരു ഭംഗി.

എന്നാലും
പിന്നേം പാടത്തിരിക്കുമ്പൊ..... 

26-09-2012

Monday, September 24, 2012

ഞാന്‍ വരച്ച ചിത്രത്തില്‍

മങ്ങിയ വരക്കടലാസ്
ചാരനിറം പുരണ്ട മാര്‍ജിന്‍.

അതിര്.
എന്തിനും അതിരിടുന്ന
കട്ടിയേറിയ മാര്‍ജിന്‍.

അതിര്
വിചാരത്തിന്റെ.
അതിര്
സ്വാതന്ത്ര്യത്തിന്റെ.
അതിര്
ഭാവങ്ങളുടെ.
അതിര്
പ്രേമത്തിന്റെ.
അതിര്
ഊര്‍ന്നിറങ്ങുന്ന മുടിക്കെട്ടിന്റെ.

അതിരുകെട്ടുന്ന മാര്‍ജിന്‍.
വിളര്‍ത്തുതുടങ്ങിയ മാര്‍ജിന്‍.

മാര്‍ജിനുകള്‍ വകവെയ്കാതെ
അതിരുവിടുന്ന
അഴകുറ്റ നിതംബങ്ങള്‍.

കടലാസുകളെ
നെടുകെ പിളര്‍ന്ന്
ഉയര്‍ന്നുപൊന്തിയ
പള്ളിമിനാരങ്ങള്‍.

അതിരില്ലായ്മ
നിറങ്ങളുടെ.
അതിരില്ലായ്മ
ഗന്ധങ്ങളുടെ.
അതിരില്ലായ്മ 
ശബ്ദങ്ങളുടെ.
അതിരില്ലായ്മ 
സമൃദ്ധിയുടെ.
അതിരില്ലായ്മ 
ക്ഷാമത്തിന്റെ.

അതിരില്ലായ്മ
അതിരുകളുടെ.

ഈ തെരുവില്‍,
ഈ പകലില്‍,
ഇപ്പോള്‍.


24-09-2012

Saturday, September 22, 2012

ഒഴിഞ്ഞ ഇടങ്ങള്‍

ഒഴിഞ്ഞുകിടക്കുന്ന ഓരോ ഇടവും
സ്വൈര്യം കെടുത്താറുണ്ട് വീടിനെ.

അതുകൊണ്ടല്ലേ വീട് ഇക്കണ്ട
കൂറകളെയും എട്ടുകാലികളെയും
എറുമ്പുകളെയും ചെതലുകളെയും
പെറ്റുവളര്‍ത്തുന്നത് !!!!!

Friday, September 21, 2012

ഇന്ന് പെയ്ത മഴയില്‍

ജനലുകളടച്ച് കുറ്റിയിട്ടു
ഉമ്മറവാതില്‍ ചാരി
കര്‍ടണ്‍ വലിച്ചുമുറുക്കി

ഇടിമിന്നലോ മഴച്ചാറ്റലോ
അകത്തേയ്ക്ക് വരില്ലെന്നുറപ്പാക്കി
കണ്ണടച്ച് ഒരു വളി വിട്ടു

അഗ്നിമുഖന്‍ കമ്പ്യൂട്ടറിന്റെ വാതില്‍ വലിച്ചുതുറന്നു
മഴയെക്കുറിച്ചെഴുതിയ കവിതകള്‍
ഒന്നൊന്നായി നോക്കി

ദൃഡമായ ലിംഗം
കുലുക്കിക്കുലുക്കി
സൃഷ്ടിയുടെ ആനന്ദത്തില്‍ രമിച്ചു

നിലത്തേയ്ക്ക് വീണ
അവസാനത്തുള്ളിയും
തുടച്ചെടുത്ത്
ബ്ലോഗിലിട്ടു

ഇന്ന് പെയ്ത മഴയില്‍
എന്ന് പേരുകൊടുത്തു

18-06-2012

Saturday, September 1, 2012

വീട് വെറുമൊരു വീടല്ലല്ലോ


ജപ്തിനോട്ടീസിനൊടുവില്‍ വീടുവിട്ട് തെരുവിലേയ്ക്കിറങ്ങേണ്ടിവന്ന നേരത്ത് കൊട്ടാരം വിട്ടിറങ്ങിയ സിദ്ധാര്‍ഥനാണെന്ന അഹങ്കാരത്തിലും സന്യാസിയുടെ കപടവിനയത്തിലും പൊതിഞ്ഞ് നടന്നുനീങ്ങുന്ന മംഗലശ്ശേരി നീലകണ്ഠന്റെ മുന്നിലേയ്ക്ക് ചെന്ന് നിന്ന് വാനോളമുയര്‍ന്ന് മംഗലശ്ശേരി എന്ന പേര് മാഞ്ഞുപോയല്ലോ നീലകണ്ഠാ എന്ന് ആഹ്ലാദത്തോടെ സഹതപിക്കുന്ന മുണ്ടയ്ക്കല്‍ ശേഖരന് മറുപടിയായി തീയേറ്ററില്‍ കൈയടി നിറയ്ക്കുന്ന ഒരു ഡയലോഗടിക്കുന്നുണ്ട് ലാലാണ്ടന്‍, ഏതാണ്ടിങ്ങനെ ..

പത്ത് മുപ്പത് കൊല്ലമായി കൂടെക്കഴിഞ്ഞ പെണ്ണ് പോയി. അതിലും വലുതല്ല ശേഖരാ കല്ലിലും മരത്തിലും പണിഞ്ഞ ഒരു വീട്

ഇമ്മാതിരി ഒരു വാക്യത്തില്‍ പ്രയോഗം നടത്താന്‍ മംഗലശ്ശേരി നീലകണ്ഠനെപ്പോലുള്ള ഒരു കഥാപാത്രത്തിനു മാത്രമേ കഴിയൂ. അമ്മയുടെ കെട്ടിയോന് ജന്മം കൊണ്ടും കര്‍മം കൊണ്ടും ലഭിച്ച വഹകള്‍ ധൂര്‍ത്തടിച്ചും വിറ്റുതുലച്ചും നശിപ്പിച്ച് തമ്പുരാനായി വിലസുന്ന നീലാണ്ടന് അക്കൂട്ടത്തില്‍ പെട്ട മംഗലശ്ശേരി വെറും കല്ലും മരവും മാത്രമാവാം. ഒരു പണിക്ക് പോയതായോ നയാപൈസ സമ്പാദിച്ചതായോ കാണാത്ത, കാലം എല്ലാം വെള്ളിത്തളികയില്‍ വെച്ച് നീട്ടിത്തരുന്ന അയാളെപ്പോലുള്ളവര്‍ക്ക് വീട് വെറും സിമന്റും മണലും മാത്രമാണെന്ന് തോന്നിയേയ്ക്കാം.

എന്നാല്‍ ജന്മം മുഴുവന്‍ കഷ്ടപ്പെട്ട് ഒരു രാത്രിയെങ്കിലും നീണ്ടു നിവര്‍ന്ന് കിടക്കാന്‍ ആശിക്കുന്ന സാധാരണ മനുഷ്യര്‍ക്ക് വീട് ഒരു വികാരം തന്നെയാണ്. അതിനൊരു നനവുതട്ടിയാല്‍ തുമ്മുന്നത് താനാണ്. അതിനൊരു മുറിവു പറ്റിയാല്‍ പൊടിയുന്നത് തന്റെ ചോരയാണ്. ശാരദ അക്കൂട്ടത്തില്‍ പെട്ടവളാണ്. വില്‍ക്കാന്‍ തയ്യാറാവുമ്പോള്‍ത്തന്നെ വീടുവാങ്ങാനെത്തുന്ന സ്ത്രീയോട് തന്റെ വീടിനെപ്പറ്റിയുള്ള സ്വപ്നങ്ങള്‍ ഒന്നൊന്നായി പറയുന്ന ശാരദ തന്നെയാണ് "എന്നാല്‍ താങ്കള്‍ക്ക് തരുന്നീലാ ഞാന്‍ ഈ വീടിന്നുള്ളം" എന്ന് വേറൊരു കവിയെക്കൊണ്ട് പറയിപ്പിക്കുന്നതും. കല്ലിലും മരത്തിലും പണിഞ്ഞ എന്തോ ഒന്നായി സ്വന്തം വീടിനെക്കാണാന്‍ ശാരദയ്ക്ക് ഒരിക്കലുമാവില്ലതന്നെ.

നമ്മളില്‍ പലരും ഒരു ശാരദയാണ്. വീട് വെറുമൊരു വീടല്ലല്ലോ ...


സ്വകാര്യം

നീലകണ്ഠന്‍ : ഒരു സിനിമാക്കഥാപാത്രം
ശാരദ: വല്‍സല എഴുതിയ ശാരദയുടെ വീട് എന്ന കഥയിലെ നായിക
ഇന്‍വര്‍ടഡ് കോമയില്‍ ആറ്റൂര്‍ രവിവര്‍മ എഴുതിയ വീടുവില്‍പന എന്ന കവിതയുടെ അവസാനവരി.