Friday, July 8, 2011

നൃഗന്റെ കഥ

ഇടവഴിയില്‍ കുറെക്കാലമായി പുതിയ പോസ്റ്റൊന്നും ഇല്ലഅതിനാല്‍ ഒരു പുരാണകഥയാവാം 
വൈവസ്വതമനുവിന്റെ വംശത്തില്‍ ക്ഷുപനെന്നൊരു രാജാവുണ്ടായിരുന്നു.  
ക്ഷുപന്റെ മക്കളായിരുന്നു ഇക്ഷ്വാകുവും നൃഗനും.
ഇളയവനായ നൃഗന്‍ ഒരിക്കല്‍ പുഷ്കരം എന്ന തടാകത്തിന്റെ തീരത്തുവെച്ച്  
ആയിരം പശുക്കളെ ബ്രാഹ്മണന്മാര്‍ക്ക് ദാനം ചെയ്യാനൊരുങ്ങി.

ദാനം വാങ്ങിക്കാന്‍ വന്നവരുടെ കൂട്ടത്തിലുള്ള ഒരുത്തനാണ് പര്‍വതന്‍.
തനിക്ക് ദാനം കിട്ടിയ പശുവിനെ തടാകക്കരയില്‍ തന്നെ നിര്‍ത്തി  
അവനെന്തിനോ കാട്ടിലേയ്ക്ക് പോയി.  
ശുവാകട്ടെ മെല്ലെ നടന്ന് തടാകത്തിന്റെ മറ്റേപ്പൊളിയില്‍  
രാജാവ് ദാനം ചെയ്യാന്‍ തയ്യാറാക്കിനിര്‍ത്തിയ പശുക്കൂട്ടത്തില്‍ ഇടകലര്‍ന്നു.
ഇതൊന്നും ആരും അറിഞ്ഞതുമില്ല, കണ്ടതുമില്ല.

അനാരതന്‍ എന്നൊരു ബ്രാഹ്മണനു ദാനം കിട്ടിയ പശു  
രാജാവു മുമ്പ് പര്‍വതനു ദാനം ചെയ്ത അതേ പശുവായിരുന്നു.

ഏറെ വൈകും മുമ്പ് ആയിരം പശുക്കളെ ദാനം ചെയ്ത സന്തോഷത്തോടെ നൃപനും  
പയ്ക്കളെ കിട്ടിയ സന്തോഷത്തോടെ ബ്രാഹ്മണന്മാരും അവിടം വിട്ടുപോയി.

കാട്ടില്‍ നിന്നും മടങ്ങിവന്ന പര്‍വതന്‍ കണ്ടത് ആളൊഴിഞ്ഞ തടാകക്കരയാണ്.  
തന്റെ പശുവിനെ എങ്ങും കാണാനില്ല
അവന്റെ നെറ്റി ചുളിഞ്ഞു.
 
പശുവിനെ കണ്ടുപിടിക്കണമല്ലോ  
അവന്‍ അപ്പോള്‍ തന്നെ പുറപ്പെട്ടു.  
നാടൊട്ടുക്ക് തന്റെ പശുവിനെത്തേടി പര്‍വതന്‍ അലഞ്ഞു തിരിഞ്ഞു.  

ഒടുക്കം അനാരതന്റെ തൊഴുത്തില്‍ തന്റെ പശു നില്‍ക്കുന്നത് അവന്‍ കണ്ടു.
ക്ഷുഭിതനായ പര്‍വതന്‍ പശുക്കള്ളാ എന്നലറി അനാരതന്റെ വീട്ടിലേയ്ക്ക് പാഞ്ഞുകേറി. നിരപരാധനായ അനാരതനെ കുറെ ചീത്ത വിളിച്ചു.  

പര്‍വതന്‍ ശുദ്ധമേ പൊളിപറയുകയാണെന്നായി അനാരതന്‍.  
രാജാവ് തനിക്ക് തന്ന പശുവിനെ തട്ടിയെടുക്കാന്‍ വന്ന പെരുങ്കള്ളനാണ് നീ എന്നായി അയാള്‍. ബഹളം വെച്ചും തമ്മില്‍തമ്മില്‍ കലഹിച്ചും രണ്ടു ബ്രാഹ്മണരും നൃഗന്റെ മുന്നിലേയ്ക്ക് ചെന്നു.
ദാനം കിട്ടിയപശുവിനെ തീരത്തുനിര്‍ത്തി താന്‍ കാട്ടിലേയ്ക്ക് പോയതാണെന്നും 
തിരികെ വന്നപ്പോള്‍ പശുവിനെ കണ്ടില്ലെന്നും പര്‍വതന് രാജാവിനോട് പറഞ്ഞു .

ഒരേ പയ്യിനെ രണ്ടു തവണ ദാനം ചെയ്തല്ലോ.
നൃഗന് ആകെ വിഷമമായി.
ഇനി എന്താ ഒരു വഴി ?
ആരെങ്കിലും ഒരാള്‍ തന്റെ പിടിവാശി ഉപേക്ഷിച്ചാല്‍ നന്നായിരുന്നു.  
എന്നാല്‍ രണ്ടുപേരുടെയും മൂശേട്ടമോന്തകണ്ട്  
അങ്ങനെ എളുപ്പം വഴങ്ങിക്കൊടുക്കുന്ന പ്രകൃതക്കാരാണെന്ന് തോന്നുന്നുമില്ല

ദാനപ്പശുവിനെ അപരനു കൊടുക്കണമെന്നും  
പകരം കുളമ്പിലും കൊമ്പിലും പൊന്നണിഞ്ഞ ആയിരം പശുക്കളെ നല്‍കാമെന്നും  
രാജാവ് ആദ്യം അനാരതനോടും പിന്നെ പര്‍വതനോടും പറഞ്ഞു.  
പിന്നെ കാല്‍ക്കല്‍ വീണ് ഇരന്നു.

ബ്രാഹ്മണന്റെ സ്വത്ത് തട്ടിയെടുക്കാന്‍ നോക്കുന്നവനെന്ന്  
നൃഗനെ പരിഹസിക്കുകയാണ് ഇരു ബ്രാഹ്മണരും ചെയ്തത്

തന്റെ പശുവിനെ മാത്രം കിട്ടിയാല്‍ മതിയെന്നായി ഇരുവരും.
പൊടുന്നനെ പര്‍വതന്റെ കോപം മുഴുവന്‍ നൃഗന്റെ നേര്‍ക്കായി.  
അനാരതന്‍ പശുവിനെ തിരിച്ചുകൊടുക്കുന്നില്ലെന്ന കാര്യമൊക്കെ മൂപ്പര്‍ മറന്നു.
തന്റെ പയ്യിനെ കട്ട നീ ഓന്തായിപ്പോട്ടെ എന്നായി ഭൂസുരന്‍

ബ്രാഹ്മണശാപമേറ്റ രാജാവ് ഒരു ഓന്തായിമാറി
ഏതോ ഒരു പൊട്ടക്കിണറ്റില്‍ ആയിരം കൊല്ലം തള്ളിനീക്കി
ബ്രാഹ്മണ്യം കൊണ്ട് കുന്തിച്ച് കുന്തിച്ച ബ്രഹ്മാവും തനിക്കൊവ്വാ എന്ന് വിശ്വസിക്കുന്ന ഈ ഇരട്ടബ്രാഹ്മണര്‍ അഹംഭാവത്തിന്റെ ദുര്‍മൂര്‍തികളായിരുന്നു. ഒരു തര്‍ക്കത്തിന്റെ കുരുക്കഴിക്കാന്‍ അവര്‍ ചെയ്ത ഒരേ ഒരു കാര്യം  താന്താങ്ങളുടെ വശം പിടിച്ച് ബലത്തില്‍ വലിക്കുക മാത്രമാണ്. കൃഷ്ണഗാഥയില്‍ ഈ സന്ദര്‍ഭം ഇങ്ങനെയാണ് വിവരിച്ചിട്ടുള്ളത്
………………….
മുമ്പില്‍ നിന്നാരണരോട് ചൊന്നാന്‍
മുപ്പതിനായിരം നല്‍പശു നല്‍കുവേന്‍
ഇപ്പശു തന്നെയയക്കേണമേ
അപ്പൊഴുതാരണര്‍ ചൊല്ലിനാനിങ്ങനെ
ഇപ്പശുവെന്നിയേ വേറെവേണ്ട

ഭാഗവതം ദശമസ്കന്ദത്തിലാണ് ഈ നൃഗകഥ ഉള്ളത്. ആയിരം കൊല്ലത്തെ നരകയാതനയ്ക്ക് ശേഷം ശാപമോക്ഷം കിട്ടിവരുന്ന രാജാവ് ദ്വാരകയിലെ രാജാവായ ബലരാമന്റെ അനുജന്‍ കൃഷ്ണനെ കണ്ടുമുട്ടുന്നു. തന്റെ കഥ നൃഗന്‍ കൃഷ്ണനുമായി പങ്കുവെയ്ക്കുന്നു. ദൈവത്തിന്റെ പൂര്‍ണാവതാരമായ യാദവകൃഷ്ണന്‍ ഈ കഥ സ്വന്തം മക്കളെ അറിയിക്കുകയും ബ്രാഹ്മണസ്വത്ത് അപഹരിച്ചാല്‍ ഇങ്ങനെയാണ് ഫലമെന്ന് അവരെ താക്കീതുചെയ്യുകയും ചെയ്യുന്നു. പ്രത്യക്ഷത്തില്‍ ബ്രാഹ്മണഭക്തിവളര്‍ത്തുന്നതിന് ഭാഗവതകാരന്‍ ഈ സന്ദര്‍ഭം നന്നായി ഉപയോഗിച്ചിരികുന്നു എന്നുകാണാം. കൃഷ്ണന്റെ (ബ്രാഹ്മണന്റെ) താക്കീതുകള്‍ ഇപ്രകാരമാണ്.
ബ്രഹ്മാണ്ഡമെല്ലാം ദഹിച്ചീടുന്നു പവനനും 
ബ്രഹ്മസ്വമെന്നുള്ളത് ദഹിക്കയില്ലാതാനും 
വഹ്നിക്കു ദഹിക്കരുതാത്തവസ്തുവാമത്
മന്നവന്മാര്‍ക്കുപാര്‍ത്താല്‍ ഗ്രഹിച്ചുകൂടീടുമോ
ബ്രഹ്മസ്വമെന്നുള്ളത്  സകലത്തിലും മീതെ
ബ്രഹ്മസ്വമെന്നുള്ളത് വിഷത്തിന്‍ വിഷമല്ലോ
ബ്രഹ്മന്നുപോലുമതിനില്ലല്ലോ പ്രതിക്രിയ !!!
ബ്രഹ്മസ്വമായ വഹ്നി വന്നിഹ പിടിച്ചീടില്‍
ഉന്മൂലനാശം വരുമില്ല സംശയമേതും
ഗ്രന്‍ഥകാരന്റെ ഉദ്ദേശം വളരെ വ്യക്തമാണ്. വായനക്കാരില്‍ ബ്രാഹ്മണഭക്തി വളര്‍തുന്നതിന് അദ്ദേഹം ആവശ്യത്തിന് ശ്രമിക്കുന്നുണ്ട്. അതിനായി രാജക്കന്മാരില്‍ ബ്രാഹ്മണപ്പേടി വളര്‍തുന്നതിനു കെട്ടിച്ചമച്ച നൃഗകഥയെ നന്നായി ഉപയോഗിച്ചിരിക്കുന്നു. ബലശാലികളായ രാജാക്കന്മാരില്‍ നിന്നും താന്താങ്ങളുടെ സമ്പത്ത് സംരക്ഷിക്കുന്നതിനും കഴിയുമെങ്കില്‍ അവരില്‍ നിന്നും സ്വത്ത് തട്ടിയെടുക്കുന്നതിനും ബ്രാഹ്മണര്‍ കാര്യമായി ശ്രമിച്ചിട്ടുണ്ട്. മന്ത്രങ്ങള്‍ കൈവശമുള്ള താന്താങ്ങള്‍ ത്രിമൂര്‍തികള്‍ക്കും മീതെയാണെന്ന് ബ്രാഹ്മണര്‍ അപരനെ ഭീഷണിപ്പെടുത്തി. ബ്രാഹ്മണശാപം ഹേതുവായിട്ട് ദോഷം വരുമെന്ന് അവരുടെ ഹൃദയത്തില്‍ ഭയം നിറച്ചു. പടയാളികളുടെ ചോരയിലും തൊഴിലാളികളുടെ വിയര്‍പ്പിലും വേവിച്ചെടുത്ത ഭക്ഷണം അവനാവോളം ആസ്വദിക്കുന്നുണ്ട്. അന്യന്‍ വെയര്‍ത്ത കാശോണ്ട് അപ്പോം വീഞ്ഞും കഴിച്ച് കോണ്ടാസേലും ബെന്‍സേലും മലര്‍ന്നുകിടന്ന് ഉറങ്ങുമ്പോഴും അവന്‍ പടവാളുകളെ പേടിസ്വപ്നം കണ്ടു. പിറ്റേന്നിറങ്ങുന്ന പത്രത്തില്‍ തന്നെ അവന്‍ ആ പഴയവീഞ്ഞ്, മൂന്നുലോകവും ദേവകള്‍ക്ക് അധീനമാണ്, ദേവകള്‍ മന്ത്രത്തിനധീനമാണ്, മന്ത്രം ബ്രാഹ്മണര്‍ക്ക് അധീനമാണെന്ന പഴയ വീഞ്ഞ് വെണ്ടക്കാവലുപ്പത്തില്‍ കൊടുപ്പിച്ചു.

(മധ്യേഷ്യയില്‍ നിന്നും വന്ന കുതിരപ്പടയാളികള്‍ക്കും കടല്‍ കടന്നുവന്ന പിച്ചളമനുഷ്യര്‍ക്കും മുന്നില്‍ ഈ ബ്രഹ്മണതന്ത്രം വിലപ്പോയില്ല. അവര്‍ക്ക് അവരുടേതായ (അ)ബ്രാഹ്മണഗുരുക്കന്മാര്‍ ഉണ്ടായിരുന്നു.തേക്കിന്‍കാട് വെട്ടിനിരത്താന്‍ വന്ന ശക്തന്‍ തമ്പുരാനെ പാറമേക്കാവിലെ വെളിച്ചപ്പാട് തടഞ്ഞു. ഇതെന്റെ അച്ഛന്റെ ജടയാണ്, ഇതിങ്ങനെ വെട്ടിക്കളയാന്‍ പറ്റില്ല എന്നായിരുന്നത്രെ വെളിച്ചപ്പാടിന്റെ വാദംടിപ്പുസുല്‍ത്താന്‍ വന്ന് ബിംബം വലിച്ച് പുറത്തിട്ടപ്പോള്‍ നീയും നിന്റെ അച്ഛനും എവിടെയായിരുന്നു എന്ന ശക്തന്റെ ചോദ്യത്തിനു മുന്നില്‍ വെളിച്ചപ്പാടിന്റെ ഉത്തരം മുട്ടിപ്പോയി.)

തുള്ളല്‍ക്കഥകളുടെ ആചാര്യനായ കുഞ്ചന്‍ നമ്പ്യാര്‍ കൊല്ലവര്‍ഷം 880 മുതല്‍ 945 വരെയാണ് ജീവിച്ചിരുന്നത്. വാക്കിന്റെ മൂര്‍ച്ച ജനങ്ങളെ നല്ലവണ്ണം അറിയിച്ച ആ കവി ബ്രാഹ്മണചാപല്യങ്ങള്‍ തെളിവൊടും മിഴിവോടും കൂടി പലകഥകളിലും വര്‍ണിച്ചിട്ടുമുണ്ട്. ദേവനാരായണന്മാരുടെ ആശ്രിതനായിരുന്നതിനാലോ, മുമ്പ് കളിയാക്കിയതിനൊരു പ്രായച്ഛിത്തമെന്ന നിലയിലോ അതോ ഇനി കളിയാക്കാന്‍ പോവുന്നതിനൊരു മുന്‍കൂര്‍ ജാമ്യമെന്ന നിലയിലോ എന്തോ നൃഗമോക്ഷം പറയന്‍ തുള്ളലില്‍ ബ്രാഹ്മണഭക്തി നിറഞ്ഞുതുളുമ്പുന്നു.
പര്‍വതന്‍ നൃഗനോട് കയര്‍ക്കുന്നത് നോക്കുക
നമ്മുടെ ഗോവിനെ മറ്റൊരു വിപ്രനു
സമ്മാനമായിക്കൊടുത്തതു നന്നെടോ
ദത്താപഹാരമെന്നുള്ളൊരു പാപത്തിനു
ത്തരമില്ലെന്നറിഞ്ഞുകൊള്‍കാ ഭവാന്‍
ഇനി അനാരതന്റെ വഹ
തന്നതങ്ങോട്ട് തരികയില്ലേഷ ഞാന്‍
ബ്രഹ്മസ്വഗോവിനെപ്പിന്നെക്കൊതികുന്ന
ജിഹ്മസ്വഭാവം ചിതമല്ല മന്നവാ
പര്‍വതന്റെ ഭീഷണി
പത്തുലക്ഷം  പശുദ്ദാനങ്ങള്‍ ചെയ്കിലും 
പത്തുനൂറമ്പലം  ചെമ്പിടീച്ചെങ്കിലും 
പത്തായിരം  കുളം കെട്ടിപ്പടുക്കിലും 
ഛത്രവസ്ത്രാദിദാനങ്ങള്‍ ചെയ്തെങ്കിലും 
പന്ധാവുതോറും നടക്കവുവെപ്പിച്ചു
സത്രങ്ങള്‍ നീളെത്തുടങ്ങിച്ചുവെങ്കിലും 
വിപ്രനോടപ്രിയം ചെയ്യുന്ന പൂരുഷന്‍
ക്ഷിപ്രം നശിക്കുമെന്നോര്‍ത്തുകൊള്‍ക ഭവാന്‍
ഇനി സാക്ഷാല്‍ കൃഷ്ണന്റെ ഉപദേശം കൂടി കേള്‍ക്കാം
ദേവേന്ദ്രനായതും ദേവകളായതും
ദേവാരിവൈരിയാം ദേവേശനായതും
മുക്കണ്ണനായതും നാന്മുഖനായതും
അര്‍ക്കചന്ദ്രാദി ഗ്രഹങ്ങളായുള്ളതും 
ഒക്കവേ ഭൂസുരശ്രേഷ്ഠനെന്നുള്ളതെന്‍
മക്കളേ നിങ്ങള്‍ ധരിക്കണാമാദരാല്‍.
അപ്പോ അങ്ങിനെയാണ് കാര്യങ്ങള്‍. ഈ മതനേതാക്കന്മാരുടെ വഹയാണ് ലോകം മുഴുവന്‍. ബ്രഹ്മസ്വമായ യാതൊന്നും യാതൊരു കാരണത്താലും നാം കൈവെയ്കാന്‍ പാടില്ല, നൃഗകഥ ഒരു ദുരന്തകഥയാണ്. ഈ കഥ നാമിന്ന് വായിക്കുമ്പോള്‍ ബ്രാഹ്മണര്‍ ഇത്രയും അപകടകാരികളാണോ എന്ന സംശയം  വരാം . പക്ഷേ ഈ കഥയിലെ ബ്രാഹ്മണന്‍ ഒരു പ്രത്യേകജാതി മാത്രമായി ഇന്ന് കാണാനാവില്ല.  മതത്തിന്റെയും ദൈവത്തിന്റെയും മൊത്തക്കച്ചവടക്കാര്‍ എന്ന അര്‍ഥം നമ്മളാ വാക്കിന് കൊടുക്കേണ്ടതുണ്ട്. ഭരണകൂടങ്ങളുടെ മേല്‍ മതനിന്ദാക്കുറ്റം ചുമത്തി രാജ്യം കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ദാനമായി സ്വീകരിച്ച് തൊട്ടടുത്ത നിമിഷം തന്നെ അവ ബ്രഹ്മസ്വമാണെന്ന് അവകാശപ്പെടുന്ന, ആരാധനാലയങ്ങള്‍ ഒരു എംബസി പോലെ രാജ്യത്തിനുള്ളിലെ മറ്റൊരു രാജ്യമാണെന്ന് കരുതുന്ന അഭിനവ ബ്രാഹ്മണ സമൂഹത്തെ മെരുക്കാന്‍ ഇനിയാരാണുള്ളത് !

1 comment:

  1. നൃഗകഥ ഇന്നു വായിക്കുമ്പോള്‍ ശരിക്കും ദുഃഖം തോന്നുന്നു. അങ്ങനെ എഴുതിത്തുടങ്ങിയതാണ്. എന്തും ദാനമായി വാങ്ങാന്‍ ആര്‍ത്തിയോടെ കാത്തുനില്‍ക്കുകയും തൊട്ടടുത്ത നിമിഷം അവ സ്വകാര്യസ്വത്താണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന മതസമൂഹങ്ങളെ , അഭിനവബ്രാഹ്മണരെപ്പറ്റി ഓര്‍ത്തപ്പോള്‍ വിഷയം അല്‍പം വഴിതെറ്റിയോ എന്നും സംശയം

    ReplyDelete