Monday, June 16, 2008

ദേഹവടിവ്  
മക്കള്‍ക്ക് വേണ്ടത്ര ചുരത്തിക്കൊടുത്ത് 
ഇത്തിരി തടിച്ചു 
ഒരമ്മ

കുഞ്ഞും

കിനാവിനെ  
ഏറെ നേരം കൊഞ്ചിച്,  
പാട്ടൂട്ടി  
കരുതലോടെ വളര്‍ത്തിയെടുക്കുന്നു 
ഒരു ഗര്‍ഭിണി

Saturday, June 14, 2008

കുരച്ചു തുപ്പല്‍

ഇയാളുടെ ശരീരം ഒരു തടവറയാണ് 
ഞാനിത് തളര്‍ത്തും, 
നശിപ്പിക്കും… 

രോഗാണു കഫക്കട്ടയോട് വീമ്പിളക്കി 

പക്ഷേ 
അതിനു മുമ്പെ ഞങ്ങള്‍ പുറത്തുകടക്കും 

കഫക്കട്ടകള്‍ ഒന്നിച്ചു പറഞ്ഞു.

മരുതം

കെട്ടിയിട്ട നിലം ചേറാക്കി 
അരിശം പിടിച്ച ചോരക്കണ്ണന്‍ പോത്ത് 
നാടുറങ്ങിയ നേരത്ത് കയറ് പൊട്ടിച്ച് 

കൂര്‍ത്ത മുള്‍വേലി കൊമ്പു കൊണ്ടു അകറ്റി 
വെള്ളം നിറഞ്ഞ പാടത്തെ മീനുകള്‍ പായുമാറ് 
പടര്‍ന്ന വള്ളികള്‍ചുഴറ്റി, 
തേങ്കൊതിയന്‍ വണ്ടുകള്‍ ഉള്ളില്‍ മൂളുന്ന 
കൂമ്പിയ കുളുര്‍താമര തിന്നുന്ന നാട്ടുകാരാ, 


ഞാനല്ല ,പലരും പറയുന്നു, 
മഴക്കാറു പോലെ തിളങ്ങുന്ന നീണ്ട മുടിയുള്ള ഒരുത്തിയെ 
നീ വേളി കഴിച്ചെന്ന്. 


വളരെ നന്നായി !


വാളൊളി ചിന്നിയും നെല്‍കതിര്‍ മിന്നിയും ചന്തമേറിയ നാടുപോലെ
തിളങ്ങുന്ന എന്റെ വളകള്‍ തകര്‍ന്നാലും

നീ നിന്റെ പുതുപ്പെണ്ണിന്റെ അരികില്‍ എത്തണം. 


ആരെതിര്‍ക്കാന്‍ ?